സാമൂഹ്യസാംസ്കാരികചരിത്രം
മുന്‍കാലത്ത് സവര്ണ്ണജന്മിമാരും മനകളും ദേവസ്വങ്ങളും ചേര്‍ന്നായിരുന്നു ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ പ്രദേശത്ത് ഏതാനും നമ്പൂതിരി കുടുംബങ്ങള്‍ അധിവസിച്ചിരുന്നതായി സൂചനകളുണ്ട്. കാലക്രമത്തില്‍ നമ്പൂതിരി കുടുംബങ്ങള്‍ ക്ഷയിക്കുകയും ഭൂമി ഏതാനും നായര്‍ കുടുംബങ്ങളുടെ അധീനതയില്‍ എത്തിച്ചേരുകയും ചെയ്തു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തിവാണ ആ കാലഘട്ടത്തില്‍, താഴ്ന്ന ജാതിയിലെ സ്ത്രീകളെ മാറു മറയ്ക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. ആരാധനാലയങ്ങളില്‍ കീഴാളര്‍ക്ക് പ്രവേശനമനുവദിച്ചിരുന്നില്ല. ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് ചടങ്ങുകളെന്തെങ്കിലും നടത്തണമെന്നുണ്ടെങ്കില്‍, ദൂരപരിധിക്കു വിധേയമായി, ചില പ്രത്യേക സ്ഥലത്തു മാത്രം കേന്ദ്രീകരിക്കാന്‍ അനുവദിച്ചുകൊണ്ട് വിലക്കുകള്‍ക്കുള്ളില്‍ അവരെ തളച്ചിട്ടിരുന്നു. കീഴ്ജാതിക്കാരുടെ മുടിയാട്ട് എന്ന അനുഷ്ഠാനം ചില ക്ഷേത്രങ്ങളില്‍ നടക്കാറുണ്ടായിരുന്നു. പ്രസിദ്ധമായ മുടിയേറ്റുത്സവം നടന്നിരുന്ന ക്ഷേത്രങ്ങളുമുണ്ടായിരുന്നു. ഹിന്ദുമതത്തിലെ സവര്‍ണ്ണാധിപത്യത്തിന്റെ ക്രൂരമായ ആചാരങ്ങളില്‍ മനം മടുത്ത നിരവധി കീഴാളര്‍, അയിത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി, അക്കാലത്ത് മതംമാറി ക്രിസ്തുമതത്തില്‍ ചേര്‍ന്നിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ കുടിപ്പള്ളിക്കൂടങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അവിടെ കീഴ്ജാതിക്കാരെ പ്രവേശിപ്പിച്ചിരുന്നില്ല. നിലത്തെഴുത്തു കഴിഞ്ഞാല്‍ അമരകോശമായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്. 1928-ലാണ് കീഴ്ജാതിക്കാര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം അനുവദിച്ചത്. 90 ശതമാനം ഭൂമിയും വിരലിലെണ്ണാവുന്ന ഭൂവുടമകളുടെ കൈവശമായിരുന്നു. കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് എറണാകുളത്ത് അഞ്ചിക്കൈമള്‍ കോടതി എന്നൊരു സംവിധാനമാണ് നിലനിന്നിരുന്നത്. ഈ കോടതിയുടെ തീര്‍പ്പ് അവസാനവാക്കായിരുന്നു. 1945-ലെ ക്ഷേത്ര പ്രവേശന വിളംബരം സാമൂഹ്യമായും, 1970-ലെ ഭൂപരിഷ്ക്കരണം സാമ്പത്തികമായും അധഃസ്ഥിത വിഭാഗത്തെ ഉയര്‍ത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. മരട് ഒരു തീരദേശസമതല പ്രദേശമാണ്. പഞ്ചായത്തിലെ ചെളിപ്രദേശം കരിനിലമാണ്. നെല്‍കൃഷിക്കും ചെമ്മീന്‍കൃഷിക്കും മാത്രം അനുയോജ്യമാണിത്. മൊത്തം ഭൂമിയുടെ 30% നെല്‍കൃഷിക്ക് അനുയോജ്യമായ കരിനിലമാണ്. 1960-കള്‍ വരെ ഈ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ളതിന്റെ പകുതിയിലേറെ അരി ഇവിടെത്തന്നെ ഉല്പാദിപ്പിക്കപ്പെടാറുണ്ടായിരുന്നു. നെല്‍കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാന ജീവനോപാധി. തെങ്ങും വ്യാപകമായി കൃഷി ചെയ്യപ്പെട്ടിരുന്നു. ജപ്പാന് ബര്‍മ്മയെ കീഴടക്കിയതിനെ തുടര്‍ന്ന് ബര്‍മ്മയില്‍ നിന്ന് അരി കിട്ടാതായതും, യുദ്ധകാലത്തെ “ലെവി അരി” സംഭരണവും കാരണം സാധാരണക്കാരന്റെ ജീവിതം അക്കാലത്ത് ദുരിതപൂര്‍ണ്ണമായിരുന്നു. ഇന്ന് വ്യാവസായികമായി പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന മരടില്‍ നിരവധി വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണാടിക്കാട് എന്ന സ്ഥലത്ത് ഒരു ഉള്‍നാടന്‍ ജലഗതാഗത വികസന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ പാതകളായ എന്‍.എച്ച്-47, എന്‍.എച്ച്-47(എ), എന്‍.എച്ച്-49 എന്നിവയാണ് മരടിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍. തീരദേശ മേഖലയില്‍പെടുന്ന പ്രദേശമായതിനാല്‍ ഇവിടുത്തെ ഒരു പ്രധാന ഇടത്തരം വ്യവസായമാണ് ബോട്ടുനിര്‍മ്മാണം. ഇവിടുത്തെ ഒരു പ്രധാന വന്‍കിട വ്യവസായയൂണിറ്റാണ് എ.വി.റ്റി റീബ്ളെന്ഡിങ്ങ് കോര്പ്പറേഷന്. അഗ്രിക്കള്‍ച്ചര്‍ അര്‍ബന്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് ഇവിടുത്തെ പ്രധാന കാര്‍ഷിക വ്യാപാര കേന്ദ്രമാണ്. നെട്ടൂര്‍ മാര്‍ക്കറ്റ് മരടിലെ പ്രധാന മാര്‍ക്കറ്റാണ്. വിവിധ മതക്കാരുടേതായി നിരവധി ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. മരട് കൊട്ടാരം ഭഗവതി ക്ഷേത്രം, നെട്ടൂര്‍ തെക്കേപ്പാട്ട് പുരയ്ക്കല്‍ ക്ഷേത്രം, നെട്ടൂര്‍ വടക്കേപ്പാട്ട് പുരയ്ക്കല്‍ ക്ഷേത്രം എന്നിവ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളും, നെട്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, നെട്ടൂര്‍ ഹോളി ക്രോസ് ചര്‍ച്ച്, മരട് മുത്തേടത്തെ ദേവാലയം എന്നിവ പ്രധാന ക്രൈസ്തവ ആരാധനാലയങ്ങളുമാണ്. നെട്ടൂര്‍ ജുമാമസ്ജിദ്, നെട്ടൂര്‍ ജമാഅത്ത് മഹല്‍, മരട് ജുമാമസ്ജിദ് എന്നിവയാണ് പ്രധാന മുസ്ളീം ആരാധനാലയങ്ങള്‍. മരട് മുത്തേടം വാഗേലച്ചന്റെ ചരമ വാര്‍ഷികം, മരട് കൊട്ടാരം വെടിക്കെട്ട്, തെക്കേപ്പാട്ട് പുരയ്ക്കല്‍ ക്ഷേത്രത്തില്‍ വാവുനാളുള്ള ബലിതര്‍പ്പണം എന്നിവ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ നടക്കപ്പെടുന്ന പ്രധാന ആഘോഷങ്ങളാണ്. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യ കേന്ദ്രങ്ങള്‍ ഉണ്ട്. ഒരു ആയുര്‍വ്വേദ ആശുപത്രിയും, ഒരു ഹോമിയോ ഡിസ്പെന്‍സറിയും നെട്ടൂര്‍, മരട് എന്നിവിടങ്ങളില്‍ ഓരോ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നെട്ടൂരില്‍ സ്ഥിതി ചെയ്യുന്ന ലേക്ഷോര് ഹോസ്പിറ്റല്‍, പി.എസ്.മിഷന് ഹോസ്പിറ്റല്‍ എന്നിവ ഇവിടുത്തെ മാത്രമല്ല, കേരളത്തിലേയും ആരോഗ്യപരിപാലനരംഗത്ത് ഉന്നത ചികിത്സാസൌകര്യം ലഭ്യമാക്കുന്ന പ്രധാന സ്ഥാപനങ്ങളാണ്. കേരളത്തിലെ ഏറ്റവും മികച്ച നക്ഷത്രഹോട്ടലുകളിലൊന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ ലേ മെറിഡിയന്.