English| മലയാളം

വിവരണം

കൊച്ചിയുടെ ഉപഗ്രഹനഗരമായാണ് മരട് കണക്കാക്കപ്പെടുന്നത്. രണ്ട് പ്രധാന ദേശീയപാതകളുടെ സാന്നിധ്യം ഈ ഗ്രാമപ്രദേശത്തെ വളരെപ്പെട്ടെന്ന് തന്നെ വികസനപാതയിലെത്തിച്ചു. കൊച്ചിയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് എന്നാല്‍ നഗരത്തിനു വിളിപ്പാടകലെ മാത്രം സ്ഥിതിചെയ്യുന്ന മരടിലേക്ക് വന്‍ നിക്ഷേപങ്ങള്‍ ഒഴുകിയെത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തായിരിക്കുമ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ വരുമാനസ്രോതസുകള്‍ ഉള്ള തദ്ദേശ ഭരണ കേന്ദ്രമായി മരട് മാറിയിരുന്നു. കായലുകളാലും കണ്ടല്‍ക്കാടുകളാലും പ്രകൃതിരമണീയമായ മരട് എക്കോ ടൂറിസം മേഖലയിലും വികസനങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.
 

മരടിന്റെ ആഘോഷങ്ങളിള്‍ ഏറ്റവും പ്രധാനമായത്‌ മരട് ശ്രീ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടത്തിപ്പോരുന്ന താലപ്പൊലി മഹോത്സവമാണ്. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലാണ് ഇത് നടത്തുന്നത്. മരട് വെടിക്കെട്ടുല്‍സവം എന്ന പേരില്‍ അറിയപ്പെടുന്ന താലപ്പൊലി മഹോല്‍സവം കേരളത്തിലെ പ്രശസ്തമായ വെടിക്കെട്ടുകളില്‍ ഒന്നാണ്. മരട് കൊട്ടാരം ഭഗവതിക്ഷേത്രത്തിനു ഇരുഭാഗത്തുമുള്ള ജനവിഭാഗം വടക്കേചേരുവാരം, തെക്കേചേരുവാരം എന്നിങ്ങനെ രണ്ടു കമ്മറ്റികളായി തിരിഞ്ഞാണ് ഉത്സവാഘോഷങ്ങള്‍ നടത്തുന്നത്. ഓരോ വിഭാഗവും പ്രത്യേകം പ്രത്യേകമായി ഉത്സവചടങ്ങുകളും വെടിക്കെട്ടും സംഘടിപ്പിക്കും. ശബ്ദഗാംഭീര്യത്തില്‍ പ്രശസ്തമായ ഈ കരിമരുന്നുപ്രയോഗം കാണാല്‍ ദൂരദേശങ്ങളില്‍ നിന്ന് വരെ ആളുകള്‍ ഉത്സവദിനങ്ങളില്‍ ഇവിടെയെത്തുന്നു.മറ്റു പ്രധാന ആഘോഷങ്ങള്‍ മരട് സെന്റ്‌ മാഗ്ദലിന്‍സ് പള്ളിയിലെ തിരുനാള്‍, തിരു അയനി ശിവക്ഷേത്രം, പാണ്ഡവത്ത് ശിവ ക്ഷേത്രം, നെട്ടൂര്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ എന്നിവയാണ്.